കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷിനു നേരെ മുട്ടയെറിഞ്ഞ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ചന്ദന്‍ സിംഗ്, രവി കോയല്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് കുനാല്‍ ഘോഷിനു നേരേ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ചു വരികയാണെന്നും, കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഎംസിയുടെ പരാജയത്തിനു ശേഷം പശ്ചിമ ബംഗാളിന്റെ വിവിധഭാഗങ്ങളില്‍ സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്കും കൗണ്‍സിലര്‍മാര്‍ക്കും നേരേ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.